India
image_print

കനത്ത മഴ; ശബരിമലയില്‍ ഇന്ന് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

Written by

archanaa chuqwe

പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.കനത്ത മഴയിൽ വെള്ളം ഉയർന്നതിനാൽ പമ്പയിലേക്കും ശബരിമലയിലേക്കും ഇന്ന് തീർഥാടകരെ കടത്തിവിടില്ല. ഇന്ന് ബുക്ക് ചെയ്തവർക്ക് ദർശനത്തിന് പിന്നീട് അവസരം നൽക്കും. ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് തീര്‍ഥാടകരോട് പത്തനംതിട്ട ജില്ലാഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച പമ്പ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉയർത്തിയേക്കും. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

 

നിലവിൽ പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നതും പമ്പാ ഡാമിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്ത് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനായി ശനിയാഴ്ച പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു. ജലനിരപ്പ് കുറയുന്ന മുറയ്ക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ വെര്‍ച്വല്‍ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാവർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കും.
ത്രിവേണിയില്‍ പമ്പ കരകവിഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്.

Leave a Reply

Your email address will not be published.