India
പി.ആർ. ശ്രീജേഷിന് ഓണാശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ്
Last updated on Aug 21, 2021, 8:29 am


ടോക്യോ ഒളിമ്പിക് മെഡൽ ജേതാവും മലയാളി ഹോക്കി താരവുമായ പി.ആർ. ശ്രീജേഷിന് ഓണാശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിഴക്കമ്പലം പള്ളിക്കരയിലുള്ള വീട്ടിലെത്തിയാണ് ശ്രീജേഷിനും കുടുംബത്തിനും പ്രതിപക്ഷ നേതാവ് ആശംസകൾ അറിയിച്ചത്.ടോക്യോയിൽ 5-4 ന് ഇന്ത്യൻ ടീം ജർമ്മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്. 41 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ഹോക്കിയിൽ ഒരു ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുന്നത്. ജർമ്മനിക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ കോട്ട കാത്തത് മലയാളി താരം ശ്രീജേഷായിരുന്നു.
കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് ശ്രീജേഷ് അരങ്ങേറിയത്. സീനിയർ ഗോൾകീപ്പറായ അഡ്രിയൻ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കുമായി പലകുറി വഴിമാറി കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഹോക്കിയിൽ സമാനതകളില്ലാത്ത നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയത്.രണ്ട് വർഷത്തിന് ശേഷം നടന്ന ജൂനിയർ ഏഷ്യകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ മികച്ച ഗോൾകീപ്പറായി ശ്രീജേഷ് വരവറിയിച്ചു. പിന്നീട് പല നിർണായക മത്സരങ്ങളിലും ഇന്ത്യയുടെ കോട്ട കാത്തത് ശ്രീജേഷായിരുന്നു. തുടർന്ന് ടോക്കിയോ ഒളിമ്പിക്സിലും കഴിവ് തെളിയിച്ചു.


