India
image_print

കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനക്കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

Written by

archanaa chuqwe

കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനക്കേസുകള്‍ കേരളത്തില്‍ വര്‍ഷംതോറും കൂടുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട്. 2019-20 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈകാര്യം വ്യക്തമാക്കുന്നത്. ബാലാവകാശ കമ്മിഷന്‍ നിലവില്‍വന്നത് 2013-ലാണ് ആ വര്‍ഷം മാത്രം 1002 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2019-ല്‍ ഇത് 3616 ആയി ഉയര്‍ന്നു. 2019-ല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്-464.തോട്ടുപിന്നില്‍ മലപ്പുറമാണ്. ആകെയുള്ള 4054 പ്രതികളില്‍ നാലുശതമാനത്തില്‍ 103 പേര്‍ സ്ത്രീകളായിരുന്നു. കമിതാക്കളായിരിക്കെ പീഡനം നടത്തിയതിന് പ്രതിചേര്‍ക്കപ്പെട്ട 526 പേരുണ്ട്.

അതേസമയം പോക്‌സോനിയമപ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പാതിയോളം മാത്രമേ ശിശുക്ഷേമസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.നിലവില്‍ പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള 21,979 കുട്ടികളില്‍ 7930 പേര്‍ ശിശുക്ഷേമസമിതിയുടെ ഉത്തരവില്ലാതെ സംരക്ഷണകേന്ദ്രങ്ങളില്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്.ശിശുക്ഷേമസമിതിയുടെ ഉത്തരവില്ലാതെ ശിശുസംരക്ഷണസ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മലപ്പുറത്താണ്-2826 പേര്‍. രണ്ടാമത് തൃശ്ശൂര്‍-823 പേര്‍. കോട്ടയത്ത് 24 പേരാണെങ്കില്‍ തിരുവനന്തപുരത്ത് ആരുമില്ല. ബാലനീതിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളിലേക്കും കുട്ടികളെ അയക്കാന്‍ ജില്ലാ ശിശുസംരക്ഷണസമിതികള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.അതേസമയം കുട്ടികള്‍ക്ക് നേരെ അതിക്രമണം നടത്തുന്നവരില്‍ അറിയാവുന്നവരാണ് മുന്നില്‍ ഉള്ളത്. അയല്‍ക്കാര്‍ 681 പേര്‍, കുടുംബാംഗങ്ങള്‍- 345, ബന്ധുക്കള്‍ 307, വാന്‍-ഓട്ടോ ഡ്രൈവര്‍മാര്‍-55, അധ്യാപകര്‍-157 എന്നിങ്ങനെ പോകുന്നു ഇവര്‍. പ്രതിപട്ടികയില്‍ അച്ഛന്‍, സഹോദരന്‍, മുത്തച്ഛന്‍ തുടങ്ങിയവരുമുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ മാതാപിതാക്കളും സര്‍ക്കാരും പോലീസും ഒരുപോലെ ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്. കുട്ടികളെ ബോധവത്കരിക്കുകയും വേണം.

 

Leave a Reply

Your email address will not be published.