India
നരേന്ദ്ര മോദിയുടെ വ്യാജ മുഖചിത്രം;വിശദീകരണവുമായി ന്യൂയോര്‍ക്ക് ടൈംസ്
Last updated on Sep 29, 2021, 7:50 am


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേര്‍ത്ത് തങ്ങളുടെ വ്യാജ മുഖചിത്രം പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി ന്യൂയോര്‍ക്ക് ടൈംസ്.വ്യാജമായി നിര്‍മ്മിക്കപ്പെട്ട അനേകം ചിത്രങ്ങളില്‍ ഒന്ന് മാത്രമാണ് ഇതെന്നും ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നേരും സത്യസന്ധ്യവുമായ വാര്‍ത്തകള്‍ അങ്ങേയറ്റം ആവശ്യമായ ഒരു കാലത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിക്കാന്‍ കാരണമാകുമെന്നുമാണ് ‘ ന്യൂയോര്‍ക്ക് ടൈംസിന്റെ പബ്ലിക് റിലേഷന്‍ വിഭാഗം ട്വിറ്ററില്‍ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ അഭിനന്ദിച്ച് നല്‍കിയതാണെന്ന തരത്തിലാണ് വ്യാജ മുഖചിത്രം പ്രചരിച്ചത്. ഗുജറാത്ത് മുന്‍ മന്ത്രി അടക്കം നിരവധി പേര് ഈ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ അവസാനത്തെയും മികച്ചതുമായ പ്രതീക്ഷയാണ് മോദിയെന്ന് പത്രം വിശേഷിപ്പിക്കുന്നതായിട്ടാണ് വ്യാജചിത്രം വന്നത്. ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്നതും ശക്തനുമായ നേതാവ് നമ്മെ അനുഗ്രഹിക്കാന്‍ എത്തിയിരിക്കുന്നു എന്നും തലക്കെട്ടില്‍ പറയുന്നുണ്ട്.എന്നാല്‍ ഇത് വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരികയായിരുന്നു.അതേസമയം ഒരു അന്താരാഷ്ട്ര ദിനപത്രത്തിന് ഇത്തരമൊരു വിശദീകരണം നല്‍കേണ്ടി വന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പറഞ്ഞു.


