India
അവിഹിത സന്തതിയെന്ന സങ്കല്പം നിലനില്‍ക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി
Last updated on Jul 16, 2021, 8:16 am


Highlights
അവിഹിത സന്തതിയെന്ന സങ്കല്പം നിലനില്‍ക്കില്ലെന്ന് കോടതി
നിയമവിരുദ്ധമായ മാതാപിതാക്കളുണ്ടാകാമെന്നും എന്നാല്‍ നിയമവിരുദ്ധമായ കുട്ടികളില്ലെന്ന് കര്‍ണാടക ഹൈക്കോടതി.ഒരു കുട്ടിക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ ജനനത്തില്‍ ഒരു പങ്കുമില്ല.അതുകൊണ്ട് അവിഹിത സന്തതിയെന്ന സങ്കല്പം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു വിവാഹം നിലനില്‍ക്കെ മറ്റൊന്നിനു നിയമസാധുത ഇല്ലാത്ത വിഭാഗങ്ങളുടെ കാര്യത്തിലും, ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ട്.ജസ്റ്റിസുമാരായ ബി.വി നാഗരത്നയും എച്ച്.സഞ്ജീവ് കുമാറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഈക്കാര്യം വിലയിരുത്തിയത്.
കര്‍ണാടക പവര്‍ ട്രാന്സ്മിഷന് കോര്പറേഷന് ലിമിറ്റഡില്‍ (കെപിടിസിഎല്‍) ആശ്രിത നിയമനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കനക്പുര സ്വദേശിയായ കെ.സന്തോഷ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണിത്. ലൈന്‍മാനായിരുന്ന പിതാവ് കബ്ബാലയ്യ 2014ല്‍ മരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയിലുള്ള മകന് സന്തോഷ് ജോലിക്കായി അപേക്ഷിച്ചെങ്കിലും കെപിടിസിഎല്‍ അനുവദിച്ചില്ല.തുടര്‍ന്ന് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
”അച്ഛനും അമ്മയും ഇല്ലാതെ ഈ ലോകത്ത് ഒരു കുട്ടിയും ജനിക്കുന്നില്ലെന്ന് ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു കുട്ടിക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ ജനനത്തില്‍ ഒരു പങ്കുമില്ല. അതിനാല്‍, നിയമവിരുദ്ധമായ മാതാപിതാക്കളുണ്ടാകാമെങ്കിലും നിയമവിരുദ്ധമായ കുട്ടികളില്ല എന്ന വസ്തുത നിയമം തിരിച്ചറിയണം. കുട്ടികളുടെ നിയമസാധുതയില്‍ നിയമത്തില്‍ ഏകത പുലര്‍ത്തുന്നതും സാധുതയുള്ള വിവാഹത്തിന് പുറത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് ഏത് വിധത്തില്‍ സംരക്ഷണം നല്‍കാമെന്ന് നിര്‍ണ്ണയിക്കുന്നതും പാര്‍ലമെന്റാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.


