India
സംഘപരിവാർ അജണ്ടക്ക് മുന്നിൽ സർക്കാർ നോക്കുകുത്തി: വി.ഡി. സതീശൻ
Last updated on Sep 13, 2021, 6:52 am


നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ ശ്രമത്തിന് മുന്നിൽ സർക്കാർ നോക്കുകുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സോഷ്യൽ മീഡിയ ഫേക്ക് ഐഡികൾ ഉപയോഗിച്ച് വിദ്വേഷം വളർത്താനുള്ള ശ്രമം സജീവമായി നടക്കുമ്പോൾ സംസ്ഥാന സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കത്തോലിക്ക സഭയ്ക്ക് പരാതിയുണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടത്. സംഘപരിവാറിന്റെ അജണ്ടയ്ക്ക് മുന്നിൽ വീഴരുതെന്നാണ് രണ്ട് സമുദായങ്ങളോടും അഭ്യർത്ഥിക്കാനുള്ളത്.
ഇരുസമുദായങ്ങൾ പ്രതിഷേധവും ജാഥയും നടത്തി പരസ്പരം വിദ്വേഷം വളരുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നത് ശരിയല്ല. സിപിഎമ്മിന് ഈ വിഷയത്തിൽ ഒരു നയം ഇല്ല. തമ്മിലടിക്കുന്നെങ്കിൽ അടിച്ചോട്ടെ എന്ന അജണ്ട സി.പി.എമ്മിന് ഉണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു.
ഗൗരവമായ ആരോപണങ്ങൾ സഭ മുന്നോട്ട് വെക്കുന്നുവെങ്കിൽ പോലീസ് അത് അന്വേഷിക്കട്ടെ. തെളിവുകൾ ഉണ്ടെങ്കിൽ അത് സർക്കാരിന് നൽകി നടപടി സ്വീകരിപ്പിക്കണം. പറയുന്നത് വസ്തുതയല്ലെങ്കിൽ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ടെന്നും സതീശൻ പറഞ്ഞു.


