India
വില്ലേജ് ഓഫീസുകൾ ഇനിയെന്ന് സ്മാർട്ട് ആകും?
Last updated on Sep 26, 2021, 5:14 am


സ്മാർട്ടാണ് എന്നുപറയുമ്പോഴും കേരളത്തിലെ മിക്ക വില്ലേജ് ഓഫീസുകളും അത്ര സ്മാർട്ടല്ല. ഭൂനികുതി അടച്ച് അതിന്റെ പ്രിന്റ് കിട്ടണമെങ്കിൽ പല വില്ലേജ് ഓഫീസുകളിലും കാത്തിരിക്കേണ്ടിവരുന്നത് അരമണിക്കൂറിലധികം. അത്രയും സമയമെടുത്ത് ഒരാളെ പറഞ്ഞുവിടുമ്പോഴേക്കും ക്യൂ വളരെയധികം നീണ്ടിട്ടുണ്ടാകും.
നികുതിയടയ്ക്കുന്നതും പോക്കുവരവ് ചെയ്യുന്നതുമായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ള റെലിസ് സൈറ്റിന്റെ നെറ്റ് വർക്ക് തകരാറാണ് ഇതിന് കാരണം. നെറ്റ് വർക്കിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. പ്ലസ്ടു അലോട്ട്മെന്റിന്റെ ഭാഗമായ തിരക്കുമൂലമാണ് വൈകൽ ഉണ്ടാകുന്നതെന്നാണ് അവർ പറയുന്നത്.
എന്നാൽ പ്ലസ്ടു അലോട്ട്മെന്റ് കഴിഞ്ഞതിനുശേഷവും പലയിടത്തും സൈറ്റ് കിട്ടുന്നില്ല. ഭൂനികുതിക്കുമാത്രമല്ല വരുമാനസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സർട്ടിഫിക്കറ്റുകൾക്കായി നിരവധി പേരാണ് വില്ലേജ് ഓഫീസുകളിൽ എത്തുന്നത്. ഉച്ചവരെയാണ് സൈറ്റിന്റെ വേഗം വല്ലാതെ കുറയുന്നത്. നികുതി അടയ്ക്കാനും സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കും കൂടുതൽ ആളുകൾ എത്തുന്നതും ഈ സമയത്താണ്. ഒരാഴ്ചയായി ഇതുതന്നെയാണ് സ്ഥിതി. ശനിയാഴ്ചയും പല വില്ലേജ് ഓഫീസുകളിലും ക്യു ഇഴഞ്ഞാണ് നീങ്ങിയത്. റെലിസ് സൈറ്റിൽ ലോഡിങ് എന്നെഴുതിക്കാണിച്ച് കറങ്ങിനിൽക്കുകയായിരുന്നു. പലയിടത്തും വേഗം കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നത്.


