India
image_print

കാലാവസ്ഥാ ഉച്ചകോടിയില്‍ തകര്‍പ്പന്‍ പ്രസംഗവുമായി ഇന്ത്യന്‍ വിദ്യാര്‍ഥിനി

Written by

archanaa chuqwe

ലോകനേതാക്കളോട് പൊള്ളയായ വാഗ്ദാനങ്ങളും വാചകമടിയും നിര്‍ത്തി പ്രവര്‍ത്തിച്ചുതുടങ്ങാന്‍ ആഹ്വാനംചെയ്ത് കാലാവസ്ഥാ ഉച്ചകോടിയില്‍ പതിന്നാലുകാരിയായ ഇന്ത്യന്‍ സ്‌കൂള്‍വിദ്യാര്‍ഥിനി. പരിസ്ഥിതി ഓസ്‌കര്‍ എന്നറിയപ്പെടുന്ന ‘എര്‍ത്ത്‌ഷോട്ട്’ പുരസ്‌കാരത്തിന് അര്‍ഹയായ തമിഴ്‌നാട് സ്വദേശിനി വിനിഷ ഉമാശങ്കറാണ് ഉച്ചകോടിയിലെ പ്രസംഗത്തിലൂടെ ഏവരുടെയും ശ്രദ്ധ നേടിയത്. ‘വെറുംവാക്കുപറയുന്ന ലോകനേതാക്കളോട് പുതുതലമുറയ്ക്ക് ദേഷ്യമാണ്.ഒപ്പം നിരാശയുമുണ്ട്. ഭൂമിയെ സംരക്ഷിക്കാന്‍ നേരിട്ടിറങ്ങണം. ഫോസില്‍ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ്വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. ഞങ്ങള്‍ എര്‍ത്ത്‌ഷോട്ട് പുരസ്‌കാരജേതാക്കളും അന്തിമപട്ടികയില്‍ ഇടംപിടിച്ചവരും മുന്നോട്ടുവെച്ച കണ്ടുപിടിത്തങ്ങളെയും പരിഹാരങ്ങളെയും പിന്തുണയ്ക്കണം. പഴയ സംവാദങ്ങള്‍ നിര്‍ത്തൂ, പുതിയ ഭാവിക്കായി പുതിയ ലക്ഷ്യമാണിവിടെ വേണ്ടത്. ഭാവി വാര്‍ത്തെടുക്കാന്‍ നിങ്ങളുടെ സമയവും പണവും ഞങ്ങളില്‍ നിക്ഷേപിക്കൂ.
മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത മഹത്തായ നൂതനമാര്‍ഗങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പരാതി പറയാനല്ല, ആരോഗ്യത്തിനും സമ്പത്തിനുംവേണ്ടി പ്രവര്‍ത്തിക്കാനാണ് ആഹ്വാനം. നിങ്ങള്‍ പ്രവര്‍ത്തിക്കാനായി ഞങ്ങള്‍ കാത്തിരിക്കില്ല. നിങ്ങള്‍ ചെയ്തില്ലെങ്കിലും ഞങ്ങളതിന് നേതൃത്വം നല്‍കും’എന്നാണ് വിനിഷ പറഞ്ഞത്.

 

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടിയെന്ന നൂതന ആശയമാണ് വിനിഷയെ വില്യം രാജകുമാരന്‍ ഏര്‍പ്പെടുത്തിയ എര്‍ത്ത് ഷോട്ട് പുരസ്‌കാരപ്പട്ടികയിലെത്തിച്ചത്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് വിനിഷ ചടങ്ങിനെത്തിയതും.ആഗോളവേദിയില്‍ വിനിഷയ്ക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചതില്‍ തനിക്ക് നിറഞ്ഞ അഭിമാനമുണ്ടെന്ന് വില്യം രാജകുമാരനും പിന്നീട് സന്ദേശം നല്‍കി.പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു വിനിഷയുടെ പ്രസംഗം.

 

Leave a Reply

Your email address will not be published. Required fields are marked *